അനുയായികള്‍

2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

ഒരോര്‍മ്മക്കുറിപ്പ്




ദിവസങ്ങളും മാസങ്ങളും പലതു കഴിഞ്ഞു. റവ.ഡോ.ജോസ് മണിപ്പാറയെക്കുറിച്ച് ഒരോര്‍മ്മക്കുറിപ്പ് തയ്യാറാക്കാനുള്ള മാനസികാവസ്ഥ എനിക്ക് കിട്ടിയില്ല.

ഓര്‍ക്കുന്തോറും വേദനയോടൊപ്പം അത്ഭുതവും തോന്നുകയാണ്.ഒരുപാടുകാലത്തെ ഇടവേളയ്ക്കു ശേഷം തമ്മില്‍ കാണാനുള്ള അവസരം ഒരു നിയോഗം തന്നെയായിരുന്നു .

ഒരു ദിവസം ഒരു ഫോണ്‍ വിളി വന്നു.ഒരു പുസ്തകം പ്രസിദ്ധീകരിക്കണം എന്നതായിരുന്നു ആവശ്യം .സന്തോഷത്തോടെ സമ്മതിച്ചു.

എല്ലാം എല്ലാം ശുഭമാകും എന്ന പ്രതീക്ഷനിര്‍ഭരമായ ഒരു സംരംഭം.അതിന്റെ ജോലികള്‍ പുരോഗമിക്കുന്നതിനിടയില്‍ ഒരു ദിവസം അച്ചന്‍ വീട്ടില്‍ വന്നു.


ഒരുപാട് നേരം സംസാരിച്ചു. പഴയകാര്യങ്ങള്‍.....

പൊട്ടന്‍ പ്ലാവ് ഇടവകയില്‍ അച്ചന്‍ വികാരിയായിരിക്കുമ്പോള്‍ അദ്ദേഹം സ്വന്തമായി തുടങ്ങിയ ഒരു ട്യുട്ടോറിയല്‍ സ്ഥാപനത്തില്‍,

ഇടയ്ക്ക് വച്ച് പഠനം മതിയാക്കി തേരാപ്പാര നടന്ന ,എന്റെ അനിയത്തിയുടെ ഭര്‍ത്താവ് ബേബിയെ പിടിച്ചിരുത്തി പഠിപ്പിച്ച് ബിരുദധാരിയാക്കിയതും

അവരുടെ കല്യാണം നടത്തിക്കൊടുത്തതും അച്ചനാണ്. ഇന്ന് ബേബി മുംബൈയില്‍ ഒരു ഹൈസ്കൂളില്‍ ജോലിചെയ്യുകയാണ്.ബേബിയെപോലെ എത്രയോ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ അച്ചന്‍ മുന്‍കൈ എടുത്തിട്ടുണ്ട്! ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉയര്‍ന്നജോലികളിലുള്ള ധാരാളം ശിഷ്യഗണങ്ങള്‍ അച്ചനുണ്ട്. അവരെക്കുറിച്ചും കുടുംബത്തെക്കുറിച്ചും എല്ലാം അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവച്ചു. അച്ചന്‍ നടത്തുന്ന സ്ഥാപനങ്ങളെപ്പറ്റി....അവയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി ....ഇനി ചെയ്യാനുള്ള താല്പര്യങ്ങളേപ്പറ്റി.....എല്ലാം വിശദമായി പറഞ്ഞു.



വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കുട്ടികളെ പ്രോത്സാഹിപ്പിച്ച അച്ചന്‍ കാലിക്കട്ട് യുനിവേഴ്സിടിയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദവും, രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദവും, മാത്രമല്ല, കരിമ്പാലന്മാരുടെ നാടോടി സംസ്കാരത്തെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റും നേടിയ ആളാണ്‌.



അദ്ദേഹത്തിന്റെ തിരക്കിനിടയില്‍ തന്നെ ഇതുവരെ പതിമൂന്നു പുസ്തകങ്ങള്‍ സ്വന്തം പുറത്തിറക്കി.ഇനിയും ഒട്ടേറെ പുസ്തകങ്ങള്‍ പുറത്തിറക്കണം എന്നുണ്ട്.പക്ഷെ സമയമാണ്

പ്രശ്നക്കാരന്‍....അതിനാണ് എന്റെ സഹായം വേണ്ടത്.



പറഞ്ഞ സമയത്തിനുള്ളില്‍ ഏല്‍പ്പിച്ച ജോലി തീര്‍ത്ത് പുസ്തകം ഏല്‍പ്പിക്കുമ്പോള്‍ അദ്ദേഹം ഏറെ സന്തോഷവാനായിരുന്നു.രണ്ടുമാസത്തിനുള്ളില്‍ അതിന്റെ രണ്ടാം പതിപ്പ് വേണ്ടി വന്നു.അതും യഥാസമയം ചെയ്ത്‌ കൊടുത്തു.ഒന്നുരണ്ടു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പുതിയ പുസ്തകത്തിനുള്ള തയ്യാറെടുപ്പായി.അടുത്ത് തന്നെ നടത്താന്‍ ഉദ്ദേശിക്കുന്ന ഷഷ്ടി പൂര്‍ത്തി ആഘോഷത്തിനു മുന്‍പ് പുസ്തകം പ്രിന്റു ചെയ്ത്‌ കിട്ടണം എന്നായിരുന്നു താല്പര്യം.അല്പം തിരക്കിട്ട് കാര്യങ്ങള്‍ പൂര്‍ത്തിയാക്കി പുസ്തകം മൊത്തമായി തന്നെ എത്തിച്ചു കൊടുത്തു.ഷഷ്ടി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ തീര്‍ച്ചയായും വരണമെന്നും എനിക്കായി നീക്കി വച്ചിട്ടുള്ള പുസ്തകങ്ങള്‍ അപ്പോള്‍ കൊണ്ടു പോകാമെന്നും അദ്ദേഹം നിര്‍ബന്ധമായി അറിയിച്ചു.

2012 ഏപ്രില്‍ 29 നായിരുന്നു ആഘോഷം.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ധാരാളം വിശിഷ്ട വ്യക്തികള്‍ പങ്കെടുത്ത അന്നത്തെ പരിപാടികള്‍ ഗംഭീരമായി നടന്നു.നിര്‍ഭാഗ്യവശാല്‍ ആ ചടങ്ങില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്കായില്ല.തിരക്കുകള്‍ക്കിടയില്‍ ഞങ്ങള്‍ മറന്നെങ്കിലും അദ്ദേഹം കൃത്യമായും പുസ്തകങ്ങള്‍ ഞങ്ങളുടെ കയ്യിലെത്തിക്കാനുള്ള വാക്ക് പാലിച്ചു .

വേനലവധിക്ക് നാട്ടിലെത്തിയ അനിയത്തിയും കുടുംബവുമൊത്ത് മെയ്‌ 26 ന് ഞങ്ങള്‍ എത്തുമെന്ന് പറഞ്ഞപ്പോള്‍ ആകട്ടെയെന്നു അദ്ദേഹം സമ്മതം മൂളി .മെയ്‌ 26 ന്റെ പ്രത്യേകത എന്തെന്നാല്‍ അന്ന് അവരുടെ വിവാഹവാര്‍ഷികമാണ്.18 വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തിലാണ് ആ ചടങ്ങ് നടന്നതും.അതുകൊണ്ട് അന്ന് തന്നെ അദ്ദേഹത്തെ സന്ദര്‍ശിച്ച് ആശിര്‍വാദം വാങ്ങാനും അവിടുത്തെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കഴിയുന്ന സഹായം ചെയ്ത്‌ സഹകരിക്കാനും അവര്‍ താല്പര്യപ്പെട്ടിരുന്നു.



മെയ്‌ 23 ബുധനാഴ്ച.

അന്ന് അനിയത്തിയും കുടുംബവും ഒരു ബന്ധുവിനെ സന്ദര്‍ശിക്കാന്‍ എറണാകുളത്തും ഞങ്ങള്‍ മരുമകന്റെ കുട്ടിയെ എഴുത്തിനിരുത്താന്‍ മൂകാംബികയിലും ആയിരുന്നു.ബസ്സിറങ്ങി ലോഡ്ജിലേക്ക് നടക്കുമ്പോഴാണ് ബേബിയുടെ ഫോണ്‍ വരുന്നത്. ഞങ്ങളുടെ സന്ദര്‍ശനം കാത്തു നില്‍ക്കാതെ അദ്ദേഹം പോയെന്ന്.



അപ്പോള്‍ അനുഭവപ്പെട്ട ശൂന്യത ഇപ്പോഴും മാറിയിട്ടില്ല.

എന്തിനായിരുന്നു അദ്ദേഹം എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ കാണാന്‍ എത്തിയത്?

എന്റെ സഹായം തേടിയത്? അല്ല,എന്നെ സഹായിക്കാന്‍ മനസ്സ് കാണിച്ചത് ...?



അറുപതു വയസ്സിനുള്ളില്‍ തന്നില്‍ ഏല്‍പ്പിച്ച ജന്മനിയോഗങ്ങളെല്ലാം വളരെ കൃത്യമായി നിറവേറ്റുകയായിരുന്നു അദ്ദേഹം.



റവ.ഡോ.ജോസ്.മണിപ്പാറ കര്‍ഷക സംഘടന ഐക്യവേദി സംസ്ഥാന ചെയര്‍മാനും സാമൂഹിക -ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് എന്ന് ഏറ്റവും ചുരുക്കിപ്പറയാം.

എന്നാല്‍ കര്‍ഷകരുടെയും ആദിവാസികളുടെയും ദളിതരുടെയും അവകാശ സംരക്ഷണത്തിനായി ഉഴിഞ്ഞു വച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

കാര്‍ഷികപ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഒട്ടേറെ കര്‍ഷകരെ സംഘടിപ്പിച്ച് ദേശീയ കര്‍ഷക രക്ഷാ സമിതി എന്ന സംഘടന രൂപവത്കരിച്ച് വിലയിടിവിനെതിരെ സമരങ്ങള്‍ സംഘടിപ്പിച്ചു. കശുവണ്ടി കുത്തക സംഭരണത്തിനെതിരെ....റബ്ബറിന്റെയും തേങ്ങയുടെയും വിലയിടിവിനെതിരെ ....ബാങ്കുകളുടെ ജപ്തി ഭീഷണിക്കെതിരെ.....കര്‍ഷകരുടെ ഏതാവശ്യങ്ങള്‍ക്കുമായി ...സമരരംഗത്തിറങ്ങി.

വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടക്കാന്‍ കഴിയാതെ വിഷമിക്കുന്നവരെ സംരക്ഷിക്കാന്‍ അവരെ സംഘടിപ്പിച്ചു സമരം നയിച്ചു.

വനിതകള്‍ക്ക് വേണ്ടി ഒട്ടേറെ സ്വയം സഹായ സംഘങ്ങള്‍ ഉണ്ടാക്കി.വാഹനസൌകര്യമില്ലാത്ത നാട്ടിന്‍പുറങ്ങളില്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ എത്തിക്കാനും ജനങ്ങള്‍ക്കൊപ്പം നിന്നു.



മാരംകുഴയ്ക്കല്‍ ജോസഫിന്റെയും അന്നമ്മയുടെയും മകനായ ജോസ് മണിപ്പാറ 1978 -ല്‍ തലശ്ശേരി അതിരൂപത പ്രഥമ മെത്രാന്‍ മാര്‍ സെബാസ്ത്യന്‍ വള്ളോപ്പിള്ളി യില്‍ നിന്നാണ് വൈദിക പട്ടം സ്വീകരിച്ചത്.കോഴിക്കോട് കൂടരഞ്ഞി ,പൊട്ടന്‍ പ്ലാവ് ,കരയത്തുംചാല്‍,രത്നഗിരി, ദീപഗിരി എന്നീ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ടിച്ചു.

എന്നാല്‍ ഇടവകകളില്‍ ഒതുങ്ങേണ്ടതല്ല തന്റെ ജീവിതം എന്ന വെളിപാട് അദ്ദേഹത്തിനുണ്ടായി.സഭയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നു തന്നെ അദ്ദേഹം ഒരു വിപ്ലവകാരിയുടെ കുപ്പായം അണിഞ്ഞു. സ്വന്തമായ ഒരു പ്രവര്‍ത്തനശൈലി അദ്ദേഹം രൂപപ്പെടുത്തി. അനാഥ ബാല്യങ്ങളെയും വൃദ്ധരേയും അവശത അനുഭവിക്കുന്നവരെയും സഹോദരങ്ങളായിക്കണ്ട് സഹായിക്കാനുള്ള ദൌത്യം സ്വയം കൈയേറ്റു.ജാതി മതഭേദമെന്യേ ആ സാന്ത്വനം അനുഭവിച്ചവര്‍ ഒട്ടനവധിയാണ്



അതിന്റെ ആദ്യപടിയായി വൈതല്‍ മലയുടെ താഴെ, പൊട്ടന്‍ പ്ലാവില്‍ സച്ചിതാനന്ദാശ്രമം സ്ഥാപിച്ചു.ഏവര്‍ക്കും കയറി ചെല്ലാവുന്ന , പ്രകൃതിയുടെ മടിത്തട്ടില്‍ തല ചായ്ക്കാന്‍ ഒരിടം .അദ്ദേഹം അതിനു ഗുരു മന്ദിരം എന്ന് പേരിട്ടു.

പിന്നീട് ഇരിട്ടിയില്‍ സച്ചിദാനന്ദ ഹോമിയോ ആസ്പത്രി അദ്ദേഹം തുടങ്ങി.വൃദ്ധജനങ്ങള്‍ക്കായി എടൂരിലും പെരുമ്പുന്നയിലും മൈത്രിഭവന്‍ വൃദ്ധസദനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു.അനാഥക്കുട്ടികള്‍ക്കായി ഇരിട്ടിയില്‍ ചക്കരക്കുട്ടന്‍ ബാല സദനവും.



മനസ്സില്‍ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം ചെയ്ത്‌ തീര്‍ത്തിട്ടാണ് അദ്ദേഹം പോയത്.പക്ഷെ മരണശേഷം വേണം എന്നാഗ്രഹിച്ചിരുന്ന ചിലകാര്യങ്ങള്‍ മറ്റുള്ളവരുടെ തീരുമാനങ്ങളാല്‍

മാറ്റി എഴുതപ്പെട്ടു.തന്റെ മൃത ശരീരം പന്ത്രണ്ടു മണിക്കൂറിലേറെ ആര്‍ക്കുവേണ്ടിയും കാത്തു വയ്ക്കരുത് എന്നും ഗുരു മന്ദിരത്തിന്റെ മുറ്റത്തോ എടൂരിലെ വൃദ്ധ മന്ദിരത്തിന്റെ മുറ്റത്തോ

തന്റെ ശവസംസ്കാരം നടത്തണം എന്നും തന്റെ വില്‍പ്പത്രത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ 24 മണിക്കൂറിനു ശേഷം മണിപ്പാറ സെന്റ്‌ മേരീസ് പള്ളിയിലെ വൈദികര്‍ക്കു വേണ്ടിയുള്ള സെമിത്തേരിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്.



വിളിച്ചപ്പോള്‍ ചെല്ലാതിരുന്നതിന്റെ പരിഭവം പോലെ അവസാനമായി ഒന്ന് കാണാനുള്ള അവസരവും ഞങ്ങള്‍ക്കുണ്ടായില്ല.കാരണം അന്ന് ഹര്‍ത്താല്‍ ആയതിനാല്‍ ആറുമണിക്ക് ശേഷം മാത്രമാണ് ഞങ്ങള്‍ക്ക് നാട്ടിലെത്താന്‍ കഴിഞ്ഞത്.



എങ്കിലും ഓര്‍മ്മകള്‍ക്ക് നിത്യ ജീവനേകി രണ്ട്‌ പുസ്തകങ്ങള്‍ ഞങ്ങളുടെ മുന്നിലുണ്ട്.







കൊച്ചു കൊച്ചു വാക്യങ്ങളിലൂടെ അറിവ് പകര്‍ന്നു നല്‍കുന്ന, ജീവിതത്തില്‍ പ്രതീക്ഷയുടെ നാമ്പുയര്‍ത്തുന്ന "എല്ലാം എല്ലാം ശുഭമാകും " എന്ന ജ്ഞാന സൂക്തങ്ങള്‍. 399 സൂക്തങ്ങളിലൂടെ ജീവിതത്തിന്റെ സര്‍വ മേഖലകളെയും അദ്ദേഹം സ്പര്‍ശിച്ചിട്ടുണ്ട്.

സമൂഹത്തില്‍ നടക്കുന്ന അനീതിക്കും തിന്മകള്‍ക്കുമെതിരെ പരിഹാസവര്‍ഷം ചൊരിയാനും അദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചു.

ഒരു വൈദികന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ചിന്തകള്‍.

ആ ശൈലി പ്രതിഫലിപ്പിക്കുന്ന യാഥാര്‍ത്ഥ്യം അതാണ്‌.രചനയുടെ വഴിയില്‍ അദ്ദേഹം ഒരു വൈദികനേയല്ല. തികച്ചും വ്യത്യസ്തനായ ഒരു എഴുത്തുകാരന്‍ തന്നെയാണ്.





"റിട്ട.പ്രൊഫ.കുന്നത്ത് കോശിയും പൈലോയും പിന്നെ കശുമാവും" എന്ന കഥാസമാഹാരം അതിനു തെളിവാകുന്നു.പുസ്തകത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ചുണ്ടില്‍ വിരിയുന്നത് ഒരു ചിരിയാണ്.പക്ഷെ വെറുതെ ചിരിച്ചു തള്ളാനല്ല ,ചിരിയിലൂടെ ചിന്തിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.



സീയെല്ലെസ് ബുക്സിന്റെ ഇതുവരെ ചെയ്തതില്‍ നിന്നും തികച്ചും വേറിട്ട രണ്ട്‌ പുസ്തകങ്ങളാണ് ഇവരണ്ടും.അത് തന്നെയാകും അദ്ദേഹം ഞങ്ങള്‍ക്കായി തന്ന അനുഗ്രഹവും.

മതത്തിനും വിശ്വാസങ്ങള്‍ക്കും ഉപരി മനുഷ്യത്വത്തിന് മൂല്യം നല്‍കിയ ആ മരിക്കാത്ത ഓര്‍മ്മയ്ക്ക്‌ മുന്‍പില്‍ ആദരപൂര്‍വ്വം ഞങ്ങളുടെ പ്രണാമം .